അഭിമുഖം
സംഘടനകള്‍ വിഭാഗീയത വെടിയണം
എടവണ്ണ എ. ജമീല ടീച്ചര്‍ സംസാരിക്കുന്നു
മുസ്ലിം നവോത്ഥാന ചരിത്രത്തില്‍ കൃത്യമായ ഇടമുള്ള എടവണ്ണയുടെയും എ. അലവി മൌലവിയുടെയും മകളാണ് എ. ജമീല ടീച്ചര്‍. എടവണ്ണക്കാരന്‍ എന്ന വിലാസത്തിന്റെ അന്തസ്സില്‍ അലവിമൌലവിക്കും അദ്ദേഹത്തിന്റെ പ്രസ്ഥാനത്തിനുമുള്ള സ്വാധീനം ഏതൊരു നാട്ടുകാരനും അഭിമാനത്തോടെ അംഗീകരിക്കുന്നതാണ്. സമ്പത്തിന്റെയും കുലമഹിമയുടെയും ഹുങ്കില്‍ മതത്തെയും പൊതുജനത്തെയും ചൂഷണം ചെയ്ത വരേണ്യതയെ എടവണ്ണയുടെ മണ്ണില്‍ നിന്നും തകര്‍ത്തുമാറ്റിയതില്‍ നിര്‍ണായക പങ്കുവഹിച്ച അലവിമൌലവിയുടെ ചുവട് പിടിച്ചാണ് മകള്‍ സ്ത്രീവിമോചനത്തിന്റെ ഇസ്ലാമിക ചരിത്രം രചിക്കുന്നതില്‍ തന്റെ കൈയൊപ്പു ചാര്‍ത്താന്‍ ഇറങ്ങിത്തിരിച്ചത്. സ്ത്രീകളെ ഇരകളാക്കുന്ന അനാചാരങ്ങളുടെയും അന്ധവിശ്വാസങ്ങളുടെയും ചതിക്കുഴികളില്‍ നിന്നും വിമോചനത്തിന്റെ മതവിദ്യാഭ്യാസം നല്‍കി ഏറനാടിനെ ഉല്‍ബുദ്ധമാക്കിയതില്‍ ജമീല ടീച്ചര്‍ എന്ന സാഹിത്യകാരിയായ മതപ്രഭാഷക വഹിച്ച പങ്ക് ചെറുതല്ല. സ്ത്രീവിരുദ്ധതയാരോപിച്ച് ഇസ്ലാമിനെ അപഹസിക്കുന്ന മതേതര വരേണ്യതക്കും സാമൂഹിക നവോത്ഥാനത്തിലെ മതത്തിന്റെ പങ്ക് നിഷേധിക്കുന്ന കപട ചരിത്രബോധത്തിനും ചുട്ട മറുപടി തന്നെയാണ് ജമീല ടീച്ചറടക്കമുള്ള, എഴുപതുകളില്‍ കര്‍മോത്സുകരായി രംഗത്തുവന്ന മുസ്ലിം വനിതകള്‍. പിന്തിരിപ്പത്തരത്തിന്റെ കാരണങ്ങള്‍ അധികാരി വര്‍ഗമാണെന്ന് തിരിച്ചറിയാതെ മതത്തില്‍ കുറ്റമാരോപിച്ച് സെക്യുലര്‍ അഹന്തകാണിക്കുന്ന ചില 'കൂറുള്ള മുസ്ലിം പൌരന്മാര്‍ക്ക്' കണ്ണടച്ച് മാത്രമേ ഇരുട്ടുണ്ടാക്കാന്‍ കഴിയൂ എന്നാണ് ഇപ്പോഴും വാമൊഴികളില്‍ ഒതുങ്ങിയിരിക്കുന്ന ജമീല ടീച്ചറെ പോലുള്ളവര്‍ തെളിയിക്കുന്നത്. മലബാര്‍ സമരത്തിന്റെയും ആദ്യ സ്ത്രീ പള്ളിപ്രവേശത്തിന്റെയും പൈതൃകം അവകാശമുള്ള എടവണ്ണയുടെ അഭിമാനം ആത്മാവില്‍ ഉള്‍കൊണ്ട് പ്രദേശത്തെ സീതിഹാജി സ്മാരക സര്‍ക്കാര്‍ എല്‍.പി സ്കൂളിലെ ഈ മുന്‍ പ്രധാന അധ്യാപിക തന്റെ ഓര്‍മകളും നിരീക്ഷണങ്ങളും പങ്കുവെക്കുന്നു. ആ ഓര്‍മകളിലത്രയും സംഘടനാ സങ്കുചിതത്വത്തിനതീതമായ സമുദായ സ്നേഹത്തിന്റെയും ഗുണകാംക്ഷയുടെയും സന്ദേശങ്ങള്‍ നിഴലിച്ചിരിക്കുന്നത് വര്‍ത്തമാനകാല മുസ്ലിം നേതൃത്വത്തിന് മാതൃക തന്നെയാണ്.
തയാറാക്കിയത്: മുഹ്സിന്‍ പരാരി
ടീച്ചറുടെ പ്രബോധനപ്രവര്‍ത്തനങ്ങളുടെ തുടക്കം എങ്ങനെയായിരുന്നു. അന്നത്തെ ഏറനാടന്‍ മുസ്ലിംകളുടെ സാംസ്കാരിക പശ്ചാത്തലം?
ഇസ്ലാഹി പ്രസ്ഥാനത്തിന്റെ ഈറ്റില്ലമായ എന്റെ സ്വന്തം നാട് എടവണ്ണയില്‍ തന്നെയാണ് ഞാന്‍ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമിട്ടത്. അന്ന് സംഘടനാതലത്തില്‍ പ്രസ്ഥാനം സജീവമായിരുന്നെങ്കിലും സമുദായത്തില്‍ വേണ്ടത്ര സ്വാധീനമില്ലായിരുന്നു. പ്രത്യേകിച്ച് സ്ത്രീകളുടെ കാര്യത്തില്‍. പള്ളികളുമായി ബന്ധം മുറിച്ച സ്ത്രീ സമൂഹമായിരുന്നു ആ എഴുപതുകളിലും എടവണ്ണയില്‍. ആരാധനാരംഗം തൊട്ട്, വിശ്വാസകാര്യങ്ങളിലും സാംസ്കാരികവും സാമൂഹികവുമായ ഇടപാടുകളിലും സ്ത്രീകള്‍ പിന്നാക്കമായിരുന്നു. ചെകുത്താന്‍ കൂക്ക് തുടങ്ങിയ അന്ധവിശ്വാസങ്ങളുടെ പിടിയില്‍ ആയിരുന്നു സ്ത്രീകള്‍. വണ്ടൂരില്‍ അന്ന് ഒരു തട്ടാന്‍ ഔലിയ ഉണ്ടായിരുന്നു. സ്ത്രീകള്‍ കൂട്ടം കൂട്ടമായി അയാളെ ശരണം പ്രാപിക്കുന്ന ദുരന്തസമാനമായ അവസ്ഥയായിരുന്നു അന്ന്. അന്ന് നിലനിന്നിരുന്ന എല്ലാ ദുരാചാരങ്ങളുടെയും ഇര പെണ്ണുങ്ങള്‍ തന്നെയായിരുന്നു എന്നത് അവര്‍ തന്നെ തിരിച്ചറിയാത്ത സാഹചര്യമായിരുന്നു. അത്തരമൊരു സാഹചര്യത്തിലാണ് ഈ ദുരന്തത്തില്‍ നിന്ന് അവരെ മോചിപ്പിക്കണമെന്ന ആഗ്രഹമുണ്ടായത്. ആയിശുമ്മു ടീച്ചറും ഞാനും ഉണ്ണി മൊയ്തീന്‍ മൌലവിയുടെ സഹായത്തോടെ യത്തീംഖാന അങ്കണത്തില്‍ വച്ച് പ്രഭാഷണങ്ങള്‍ സംഘടിപ്പിക്കാന്‍ തുടങ്ങി. '76-ലായിരുന്നു അത്. പില്‍ക്കാലത്ത് എടവണ്ണ ദാറുസ്സലാം അബ്ബാസലിയാണ് ഇതിന് ഒരു സംഘടനാരൂപം നല്‍കാന്‍ നിര്‍ദേശിച്ചത്. അങ്ങനെ ഞങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ ഐ.എസ്.എം വനിതാ വിംഗ് എന്ന ബാനറിലായി. 'സ്ത്രീ ഇസ്ലാമില്‍'’എന്ന തലക്കെട്ടില്‍ ലഘുലേഖകള്‍ വിതരണം ചെയ്തും അന്ധവിശ്വാസങ്ങള്‍ക്കെതിരെ പ്രസംഗിച്ചും ബോധവല്‍ക്കരണ പരിപാടികള്‍ തുടര്‍ന്നു. ആഴ്ചയില്‍ ഒരു ദിവസം പൊതു പ്രഭാഷണം നടത്തിയിരുന്നു. പതിയെ പതിയെ ജനങ്ങള്‍ ഉല്‍ബുദ്ധരായി. അന്ധവിശ്വാസങ്ങളില്‍ നിന്ന് അവര്‍ അകന്നു തുടങ്ങി. പക്വത വന്നതിന് ശേഷമേ പെണ്‍കുട്ടികളെ വിവാഹം ചെയ്തയക്കുകയുള്ളൂ എന്ന അവസ്ഥയായി. ഇക്കാലയളവില്‍ തന്നെ എടവണ്ണക്ക് പുറത്തുള്ള സ്ഥലങ്ങളിലേക്കും പ്രവര്‍ത്തനങ്ങള്‍ വ്യാപിപ്പിച്ചു.
അന്നത്തെ പരിഷ്കരണ പ്രഭാഷണങ്ങള്‍ക്കു ഉപയോഗിച്ചിരുന്ന വേദികള്‍ ഏതൊക്കെയായിരുന്നു?
കേരള നദ്വത്തുല്‍ മുജാഹിദീന്റെ ഔദ്യോഗികമായ വേദികളില്‍ ഒതുങ്ങിയിരുന്നില്ല ഞങ്ങളുടെ പരിപാടികള്‍. മറുവേദികളില്‍ പ്രധാനപ്പെട്ടതാണ് എ.ഇ.ഒക്ക് കീഴിലെ പോക്കറ്റ് ഏരിയ കാംപയിനിങ്ങില്‍ കിട്ടിയ വേദികള്‍. ജില്ലയിലെ ഒരുപാട് പിന്നാക്ക സ്ഥലങ്ങളില്‍ മാതൃസഭകള്‍ വിളിച്ചുകൂട്ടി ഉല്‍ബോധന പ്രഭാഷണങ്ങള്‍ നടത്തുകയുണ്ടായിട്ടുണ്ട്. എഴുപതുകളില്‍ ആണ് ഇതൊക്കെ. മുജാഹിദ് പ്രസ്ഥാനത്തിന്റെ വേദികളിലെന്ന പോലെ, വഴിക്കടവ്, എടക്കര, വണ്ടൂര്‍ ഇസ്ലാമിയ കോളേജ് എന്നിവിടങ്ങളിലൊക്കെ ജമാഅത്തെ ഇസ്ലാമി ഒരുക്കി തന്ന വേദികളിലും പ്രഭാഷണങ്ങള്‍ നടത്താറുണ്ടായിരുന്നു.
മതപ്രഭാഷണങ്ങള്‍ക്കു പുറമെ സാമൂഹിക ക്ഷേമ പ്രവര്‍ത്തനങ്ങളിലും ടീച്ചര്‍ ഇടപെട്ടു തുടങ്ങിയത് എങ്ങനെയാണ്?
കേവല പ്രഭാഷണങ്ങളല്ല ഇസ്ലാമിക പ്രവര്‍ത്തനം എന്ന ഉറച്ച ബോധ്യത്തില്‍ നിന്നാണ് ഇത്തരം സംരംഭങ്ങള്‍ക്ക് മുന്നിട്ടിറങ്ങിയത്.1992 ല്‍ സംഘടന നേതൃത്വം നല്‍കിയ തീവ്രയത്ന പരിപാടികളിലൂടെയാണ് ഇത്തരം സംരംഭങ്ങള്‍ സജീവമായത് എന്നത് സ്മര്യമാണ്. '92-ലെ റമദാനില്‍, ആയിടക്ക് ഇസ്ലാം സ്വീകരിച്ച അബൂബക്കര്‍ എന്ന ആള്‍ക്ക് വീടില്ലെന്നറിഞ്ഞാണ് വീട് നിര്‍മാണത്തെ കുറിച്ച ആശയം എന്റെ മനസ്സില്‍ വരുന്നത്. ഉടനെ അയല്‍വാസിയായ പി.വി ആമിനയെ സമീപിച്ചു. ആദ്യം 5 സെന്റ് സ്ഥലമാണ് കിട്ടിയത്. പിന്നീട് അര ഏക്കര്‍ സ്ഥലം ദാനം ചെയ്തു. അങ്ങനെ എം.ജി.എം എടവണ്ണ കല്ലുടുംബില്‍ 'വാദി റഹ്മ'യും പത്തപ്പിരിയത്ത് 'വാദി നിഅ്മ'യും നിര്‍മിച്ചു നല്‍കി. 13-ല്‍പരം കുടുംബങ്ങള്‍ അവിടെ താമസിക്കുന്നു. ഞങ്ങള്‍ നടത്തിയ ജനകീയ ധനസംഭരണം വഴിയുള്ള വരുമാനം കൊണ്ട് 3 വീടാണ് ആദ്യം പണി കഴിപ്പിച്ചത്. പിന്നീട് ഞങ്ങളുടെ പ്രവര്‍ത്തനങ്ങളെ കുറിച്ചറിഞ്ഞ എ പി അബ്ദുല്‍ ഖാദര്‍ മൌലവി ഫണ്ടിലേക്ക് 5 ലക്ഷം വകയിരുത്തി തന്നു. അങ്ങനെയാണ് 13 കുടുംബങ്ങള്‍ക്ക് താമസ സൌകര്യമുള്ള കോളനിയായത്. അതിന്റെ ഫണ്ടില്‍ ബാക്കിയായ 50000 രൂപയില്‍ നിന്നാണ് പത്തപ്പിരിയം 'വാദി നിഅ്മ'യുടെ പദ്ധതി തെളിയുന്നത്. നീരുല്‍പന്‍ ഉമര്‍ ഹാജിയാണ് അതിന് സ്ഥലം നല്‍കി സഹായിച്ചത്. പിന്നെ ഐന്തുര്‍, പാലപ്പെറ്റ, ഒതായി തുടങ്ങിയ പലയിടങ്ങളില്‍ സ്വന്തമായി ഭൂമിയുള്ളവര്‍ക്ക് വീട് വെച്ചു കൊടുക്കുകയും ചെയ്തിട്ടുണ്ട്. അമുസ്ലിം സുഹൃത്തിനും വീട് വെച്ചു കൊടുത്തിട്ടുണ്ട്. ഇതൊക്കെയും പ്രാദേശിക എം.ജി.എം ഘടകത്തിന്റെ മേല്‍നോട്ടത്തിലായിരുന്നു. എടുത്തു പറയാവുന്ന മറ്റൊരു കാര്യമാണ് വനിതാ ശിശു സംരക്ഷണ സമിതി എന്ന സംഘടന രജിസ്റര്‍ ചെയ്തത്.
ടീച്ചറുടെ സേവനങ്ങളില്‍ കലയ്ക്കും സാഹിത്യത്തിനും വലിയ പങ്കുണ്ടല്ലോ. അതിനെ കുറിച്ച്?
അല്ലാഹുവിന്റെ അനുഗ്രഹത്താല്‍ ചെറിയ തോതിലുള്ള കലാസിദ്ധികള്‍ എനിക്കുണ്ടായിരുന്നു. പാട്ടെഴുത്ത്, കഥാപ്രസംഗം , കഥ, ഒപ്പന തുടങ്ങിയ കലാ മാധ്യമങ്ങള്‍ ഒക്കെ മതപരമായ വിമോചന പ്രവര്‍ത്തനങ്ങളില്‍ കരുത്തുറ്റ ആയുധങ്ങളാക്കാന്‍ സാധിക്കുകയുണ്ടായി. 70കളില്‍ സ്ത്രീകള്‍ പ്രബോധന പ്രവര്‍ത്തനത്തിലും പ്രഭാഷണങ്ങളിലും ഏര്‍പ്പെടുന്നത് സ്വീകരിക്കപ്പെടാത്ത സാഹചര്യമായിരുന്നല്ലോ. അന്ന് ജനങ്ങളെ ആകര്‍ഷിക്കാനായി എന്റെ മൂത്ത മകള്‍ സനിയ്യയെ ഞാനെഴുതിയ കഥാപ്രസംഗം പഠിപ്പിച്ച് അവതരിപ്പിക്കുമായിരുന്നു. പ്രഭാഷണം തുടങ്ങുന്നതിനു മുമ്പ് നടക്കുന്ന ഈ കഥാപ്രസംഗം കേള്‍ക്കുമ്പോള്‍ ആളുകള്‍ ‘സുറുംകുറ്റി’ എന്ന് വിളിക്കുന്ന ചൂട്ടും കത്തിച്ച് കൂട്ടം കൂടും. അപ്പോഴായിരിക്കും ഞാന്‍ പ്രസംഗിക്കാന്‍ തുടങ്ങുക. യാഥാസ്ഥിതികരായ ആളുകള്‍ അപ്പോഴേക്കും കൂവാന്‍ തുടങ്ങിയിരിക്കും. അങ്ങനെയൊരു സന്ദര്‍ഭത്തില്‍ ഞാന്‍ പറഞ്ഞു: "സഹോദരന്മാരേ, ഞങ്ങളുടെ നാട്ടില്‍ ഇങ്ങനെ കൂവുന്നത് നാല് കാലും വാലുമുള്ള ചില ജന്തുക്കളാണ്; ഇവിടെയൊക്കെ മനുഷ്യന്മാരാണല്ലോ!''’അതോടെ കൂവല്‍ നിന്നു.
എന്തായിരുന്നു ആ കഥാപ്രസംഗങ്ങളുടെയൊക്കെ ഉള്ളടക്കം?
അന്ന് നാട്ടില്‍ നിലനിന്നിരുന്ന അന്ധവിശ്വാസങ്ങളുടെയും അനാചാരങ്ങളുടെയും പ്രധാന ഇരകള്‍ സ്ത്രീജനം തന്നെയായിരുന്നു. ആ ചൂഷണം അവരെ ബോധ്യപ്പെടുത്തുന്ന രീതിയിലുള്ള കഥകളായിരുന്നു അതിന്റെ ഉള്ളടക്കം. 'ചൈത്താന്‍ കൂക്ക്' എന്ന് നാട്ടുകാര്‍ വിളിക്കുന്ന പിശാചു ബാധ, ഔലിയാക്കളിലെ വിശ്വാസം, പിഞ്ഞാണമെഴുത്ത്, സ്ത്രീധനം, മുത്ത്വലാഖ്, ചടങ്ങുനിക്കല്‍ തുടങ്ങിയ അപരിഷ്കൃതവും ഹീനവുമായ എല്ലാ നാട്ടുനടപ്പുകള്‍ക്കുമെതിരെയായിരുന്നു അവയൊക്കെ. നാട്ടില്‍ നടന്ന ചില സംഭവങ്ങളെ അധികരിച്ചുകൊണ്ടാണ് ഞാനതൊക്കെ എഴുതാറുള്ളത്. അതുകൊണ്ടു തന്നെ അത് ആളുകളില്‍ കൂടുതല്‍ സ്വാധീനം ചെലുത്തി. 'ഇരുട്ടിനെതിരെ' എന്ന കഥാപ്രസംഗം വിവാഹ സംബന്ധമായ ചില ദുരാചാരങ്ങള്‍ മൂലം സ്ത്രീകള്‍ അനുഭവിക്കുന്ന കഷ്ടതകളെ കുറിച്ചുള്ളതായിരുന്നു. സ്വഹാബികളുടെ ചരിത്രവും ഇസ്ലാമിക ചരിത്രത്തിലെ പല വിമോചന പ്രസ്ഥാനങ്ങളും ഇസ്ലാഹി പ്രസ്ഥാനത്തിന്റെ ചരിത്രവും ഉള്ളടക്കമാവാറുണ്ടായിരുന്നു. 'മൂന്നും ചൊല്ലിയ മൊഴി'’എന്ന കഥാ പ്രസംഗം മുത്ത്വലാഖിനെ കുറിച്ചായിരുന്നു. ഉപ്പ അലവി മൌലവിയുടെ അടുത്ത് നാടിന്റെ പലഭാഗത്തു നിന്നും കുടുംബപരവും മതപരവുമായ കേസുകള്‍ വരുമായിരുന്നു. ശരീഅത്ത് വിവാദകാലത്തിന് മുമ്പുള്ള എണ്‍പതുകളില്‍ ഒരിക്കല്‍ അങ്ങനെ വന്ന ഒരു മുത്ത്വലാഖിനെ അടിസ്ഥാനമാക്കിയാണ് ചടങ്ങുനിക്കല്‍ എന്ന ദുരാചാരത്തിനെതിരെ ഞാനീ കഥാ പ്രസംഗമെഴുതിയത്.
ആ കഥാ പ്രസംഗങ്ങളിലെ ഏതെങ്കിലും ഭാഗം ഒന്ന് ഓര്‍ക്കാമോ?
'മൂന്നും ചൊല്ലിയ മൊഴി'യിലെ ഒരു ശകലം പാടാം:
സുഹ്റാന്റെ ചെവിയില്‍ ഈ വാര്‍ത്ത എത്തി
വാര്‍ത്തയറിഞ്ഞപ്പോള്‍ കരളു പൊട്ടി
ഇക്കാന്റെ തീരുമാനത്തില്‍ ഞെട്ടി
കാര്യങ്ങളോര്‍ത്തപ്പോള്‍ ഖല്‍ബ് പൊട്ടി
ആജ്യാരോരു മൂര്‍ഖന്‍ പാമ്പായി തോന്നുന്നു
ചടങ്ങെന്ന തോന്ന്യാസം ഓര്‍ക്കുമ്പോ ഞെട്ടുന്നു
അല്ലാഹുവിന്‍ ശിക്ഷയെ ഏറ്റം ഭയക്കുന്നു
ഞെട്ടിപ്പോയി, ഖല്‍ബ് പൊട്ടിപ്പോയി....
അങ്ങനെ ആ ദുരാചാരത്തിനെതിരെ കലാപം നടത്തുന്ന സുഹ്റയാണ് ഇതിലെ ഇതിവൃത്തം
അല്‍ഹംദുലില്ലാഹ്, ആളുകളില്‍ നന്നായി സ്വാധീനം ചെലുത്താന്‍ ഈ എഴുത്തുകള്‍ക്ക് അന്ന് കഴിഞ്ഞിരുന്നു.
കലാ പരിപാടികള്‍ അന്ന് പ്രബോധന രംഗത്ത് നന്നായി ഉപയോഗിച്ചിരുന്നോ? ഇന്ന് പക്ഷേ മതനേതൃത്വം ചില നിയന്ത്രണങ്ങളൊക്കെ വരുത്തുന്നുണ്ടല്ലോ.
'70-കളില്‍ ഉപ്പ അലവി മൌലവിയുടെ പിന്തുണയോടെയായിരുന്നു ഞാനീ കലാ പ്രവര്‍ത്തനങ്ങളൊക്കെ നടത്തിയിരുന്നത്. കഥാ പ്രസംഗങ്ങള്‍ക്കു പുറമെ, മാപ്പിളപ്പാട്ടും ഗാനമെഴുത്തും കഥാ കേന്ദ്രീകൃതമായ ഒപ്പനകളും ചിത്രീകരണങ്ങളും ഞങ്ങള്‍ നടത്തിയിരുന്നു. പൂര്‍ണമായും അറബി മാധ്യമമാക്കിയ അറബി കലോത്സവം എടവണ്ണ സീതീ ഹാജി സ്മാരക സര്‍ക്കാര്‍ സ്കൂളില്‍ '76-ല്‍ ഞങ്ങള്‍ നടത്തിയിരുന്നു. സ്വഫിയ ടീച്ചര്‍, വി.സി ഇബ്റാഹീം മൌലവി, ഹബീബ ടീച്ചര്‍ എന്നിവരൊക്കെ അന്ന് മുന്‍നിരയില്‍ നിന്ന് നേതൃത്വം നല്‍കിയവരാണ്. നൃത്തവും ഒപ്പനയും ചിത്രീകരണങ്ങളുമൊക്കെ അടിസ്ഥാനപരമായി അറബിയിലായിരുന്നുവെങ്കിലും പൊതുജനങ്ങള്‍ക്ക് വേണ്ടി തര്‍ജമ ചെയ്ത വരികള്‍ ഇടയില്‍ ഉണ്ടായിരുന്നു. വളരെ സ്വാധീനം ചെലുത്തിയ പരിപാടിയായിരുന്നു അത്. പ്രാദേശികമായ ചില സംഭവങ്ങള്‍ തന്നെയായിരുന്നു അന്നും കഥാ തന്തു. മുണ്ടേങ്ങരയില്‍ ഒരു സ്ത്രീ ദാരുണമായി കൊല്ലപ്പെട്ട സംഭവമായിരുന്നു അന്ന് ഏറ്റവും പ്രതിപാദ്യമായത്. അതുപോലെ കെട്ടിച്ചയച്ച പെണ്ണിന്റെ ആഭരണങ്ങള്‍ തൂക്കി നോക്കി അമ്മായിഅമ്മ പരിഹസിച്ചതിനെ തുടര്‍ന്ന് മകളെ തിരിച്ചു വിളിച്ച ഉപ്പയുടെ കഥയും യഥാര്‍ഥ സംഭവവുമായി ബന്ധപ്പെട്ടായിരുന്നു. പില്‍ക്കാലത്തും സാങ്കേതിക പുരോഗതിക്കനുസരിച്ച് അറബിയിലും മലയാളത്തിലും എന്റെ പേരമക്കളായ ഫര്‍ഹക്കും ഇര്‍ഫാനും വേണ്ടി ഗാനങ്ങളും മറ്റുമെഴുതി കൊടുത്തിട്ടുണ്ട്. പക്ഷേ, ഈയിടെ യായി പുതിയ ചില പഴയവാദങ്ങള്‍ ഉയരുന്നുണ്ട്. കലാ പരിപാടികള്‍ ഇസ്ലാഹി വിമോചനത്തില്‍ വഹിച്ച പങ്കിനെ ഓര്‍ക്കാതെ ഇത്തരം പ്രവണതകളോട് പ്രതികരിക്കാനാവില്ല.
'76-കളിലാണ് ടീച്ചര്‍ സാംസ്കാരിക രംഗത്ത് ഇറങ്ങുന്നത് എന്ന് പറഞ്ഞല്ലോ, എങ്ങനെയായിരുന്നു ടീച്ചര്‍ അന്ന് വൈജ്ഞാനികമായ സ്രോതസ് വികസിപ്പിച്ചെടുത്തത്?
എന്റെ തന്നെ ചെറുപ്പത്തില്‍ സംഘടനാ തലത്തില്‍ മുജാഹിദ് പ്രസ്ഥാനത്തിന്റെ ചില പരിപാടികളില്‍ നിന്നും ഞാന്‍ പ്രചോദനമുള്‍കൊണ്ടിരുന്നു. ഒതായിയില്‍ എന്റെ ചെറുപ്പത്തില്‍ നടന്ന ഒരു വനിതായോഗത്തില്‍ പുളിക്കല്‍ സ്വദേശിനി ഫാതിമ മദനിയ്യ പ്രസംഗിച്ചത് എന്റെ പ്രചോദനമായിരുന്നു. എന്നാല്‍ ഇസ്ലാമികമായ വിവരസമ്പാദനത്തിന് പുസ്തകങ്ങള്‍ തന്നെയാണ് അന്നത്തെ അവലംബം. പ്രബോധനം വാരികയുടെ ഒരു സ്ഥിരം വായനക്കാരി തന്നെയാണ് അന്നുമുതലേ ഞാന്‍. ശബാബും അല്‍മനാറും അതുപോലെയൊക്കെ തന്നെ സഹായിച്ചിട്ടുണ്ട്. എം.പി അബ്ദുര്‍റഹമാന്‍ കുരിക്കളുടെ 'ഇസ്ലാമിലെ വനിത' എന്ന പുസ്തകം എന്നില്‍ വളരെ മൌലികമായ സ്വാധീനം തന്നെ ഉണ്ടാക്കിയിട്ടുണ്ട്. അന്ന് ഇസ്ലാമിക പ്രസാധനരംഗത്ത് ഏറ്റവും സജീവം ഐ.പി.എച്ച് ആയതിനാല്‍ കൂടുതലും ഐ.പി.എച്ച് സാഹിത്യങ്ങളായിരുന്നു അവലംബം. ഹസ്രത്ത് ആഇശ, ഫിഖ്ഹുസുന്ന തുടങ്ങിയവയൊക്കെ ഏറെ സഹായിച്ചിട്ടുണ്ട്. അതുപോലെ സഹോദരന്‍ അബ്ദുസ്സലാം സുല്ലമിയുടെ ശേഖരങ്ങളും രചനകളുമാണ് മറ്റൊരു സ്രോതസ്സ്. എടുത്തു പറയേണ്ട ഒന്നാണ് പ്രബോധനത്തില്‍ പരമ്പരയായി വന്നിരുന്ന സെനബുല്‍ ഗസ്സാലിയുടെ ജയിലനുഭവങ്ങള്‍. തീര്‍ച്ചയായും ഒരു മുസ്ലിം പെണ്ണ് എന്ന നിലക്ക് എന്നില്‍ ഭാരിച്ച സാമൂഹിക ദൌത്യങ്ങള്‍ അര്‍പ്പിതമാണ് എന്നും, അതിനു വേണ്ടി എന്തു ത്യാഗവും ചെയ്യണമെന്ന ബോധവും എന്നില്‍ ഉണ്ടാക്കിയത് ആ ലേഖന പരമ്പര തന്നെയാണ്. അതിന് ഞാനെന്നും കടപ്പെട്ടിരിക്കുന്നു.
വിഭാഗീയതയോ സങ്കുചിതത്വമോ ഇല്ലാത്ത നിഷ്കളങ്കമായ തൃഷ്ണയാണ് വിജ്ഞാന സമ്പാദനത്തിന് വേണ്ടതെന്ന് ഞാന്‍ ഇന്നും വിശ്വസിക്കുന്നു.
മുഖ്യധാരാ സ്ത്രീശാക്തീകരണ പദ്ധതികളെ എങ്ങനെ വിലയിരുത്തുന്നു?
സ്ത്രീയുടെ സ്വത്വവും പ്രകൃതവും പരിഗണിക്കുന്ന സന്തുലിതമായ കാഴ്ചപ്പാടിനോട് മാത്രമേ എനിക്ക് യോജിപ്പുള്ളൂ. ചില മുദ്രാവാക്യങ്ങളുടെ വിജയത്തിനായി സംവരണത്തിലൂടെയും മറ്റും നേടുന്ന പ്രഹസനങ്ങളായി അത് ചുരുങ്ങാനും പാടില്ല. പുരുഷന്റെ ചരടുവലികള്‍ക്ക് അനുസരിച്ച് നീങ്ങാന്‍ വേണ്ടി മാത്രം 50 ശതമാനം സംവരണം നടത്തി പ്രാപ്തിയില്ലാത്ത സ്ത്രീകള്‍ രാഷ്ട്രീയ രംഗത്ത് വന്നതുകൊണ്ട് വിമോചനം സാധ്യമല്ല. പിന്നെ, എല്ലാ പെണ്ണുങ്ങളും വിവേചനരഹിതമായി പൊതുരംഗത്തിറങ്ങണമെന്ന വാശിയും ശരിയല്ല.
ഇപ്പോഴും ചില രാഷ്ട്രീയ പാര്‍ട്ടികളിലെ സ്ത്രീ സാന്നിധ്യം എന്നു പറയുന്നത് 'വാല്‍ അമ്മിക്കു ചുവട്ടില്‍'’എന്ന അവസ്ഥയാണ്. തിരുവനന്തപുരം പാളയം പള്ളിയില്‍ തറാവീഹ് നമസ്കാരത്തില്‍ സ്ത്രീകള്‍ പങ്കെടുക്കുന്നതിനെ സംബന്ധിച്ച് മുമ്പ് നടന്ന വിവാദം ഉദാഹരണമാണ്. ചില യാഥാസ്ഥിതിക സംഘടനകള്‍ സ്ത്രീകളെ തടയാന്‍ നടത്തിയ ശ്രമം പരാജയപ്പെടുകയായിരുന്നു. അന്ന് സ്ത്രീകളുടെ ആരാധനാ സ്വാതന്ത്യ്രത്തിനുവേണ്ടി സംസാരിച്ച വനിതാ ലീഗ് നേതാവിന്റെ വാ മൂടിക്കെട്ടിയത് പുരുഷന്റെ രാഷ്ട്രീയ താല്‍പര്യം മാത്രമാണ്. അപ്പോള്‍ കൃത്രിമമായ സ്ത്രീശാക്തീകരണം കൊണ്ടോ നീചമായ അഴിഞ്ഞാട്ടം കൊണ്ടോ കാര്യമില്ല. താന്‍ വിശ്വസിക്കുന്ന സത്യം പറയാനും പ്രവര്‍ത്തിക്കാനും തടസ്സമില്ലാത്ത സാഹചര്യമാണ് പെണ്ണിനു വേണ്ട രാഷ്ട്രീയം.
ടീച്ചറുടെ സാമൂഹ്യപ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമിട്ടിട്ട് 4 പതിറ്റാണ്ടോളമായിരിക്കുന്നു. സമുദായം ഒരുപാട് മുന്നോട്ട് പോയിരിക്കുന്നു. എന്താണ് വിലയിരുത്തല്‍?
അല്‍ഹംദുലില്ലാഹ്, പല തരത്തിലുള്ള ഉണര്‍വുകളും ഉണ്ടായിക്കഴിഞ്ഞു. അന്ന് ഇസ്ലാഹി പ്രസ്ഥാനം സമരത്തിലേര്‍പ്പെട്ട അന്ധവിശ്വാസങ്ങളൊക്കെ , അനാചാരങ്ങളൊക്കെ ഒരു പരിധി വരെ ഇല്ലാതായി. എന്നാലും സ്ത്രീകള്‍ ചൂഷിതരല്ലാത്ത ഒരവസ്ഥയിലേക്ക് പൂര്‍ണ്ണമായി നമ്മള്‍ എത്തിയിട്ടില്ല. അന്ന് നടത്തിയ വിമോചന പ്രവര്‍ത്തനങ്ങള്‍ക്കും വിപ്ളവങ്ങള്‍ക്കും കടക്കല്‍ കത്തിവെക്കുന്നതുപോലെ ചില പുതിയ അന്ധവിശ്വാസങ്ങള്‍ മതനേതൃത്വത്തിന്റെ ചില ഭാഗങ്ങളില്‍ നിന്നും വരുന്നത് ഏറെ വേദനാജനകമായ കാര്യമാണ്. ഉറുമ്പരിച്ചു കയറുന്നതുപോലെ അവ ജനമനസ്സില്‍ കയറിക്കൂടുകയാണോ എന്ന് ഞാന്‍ പേടിക്കുന്നു. അതിനെതിരെ ശബ്ദിക്കാനുള്ള സാഹചര്യം പോലും നിഷേധിക്കപ്പെടുമാറ് സങ്കുചിതമായ സാഹചര്യങ്ങളിലേക്ക് മുസ്ലിം സംഘടനകള്‍ വിഭാഗീയമായി പോകുന്നുവെന്നതു കഷ്ടം തന്നെ. പണ്ട് പ്രസംഗിച്ച അതേ കാര്യങ്ങള്‍ തന്നെ ഇന്നു പറയുന്നത് വ്യതിയാനമായി വിലയിരുത്തപ്പെടുന്ന അവസ്ഥ അപകടകരമാണ്.
ഇന്നത്തെ സാമൂഹിക സാംസ്കാരിക സാഹചര്യത്തില്‍ മുസ്ലിം വനിതാ നേതൃത്വത്തിന്റെ മുന്‍ഗണന എന്തിനായിരിക്കണം എന്നാണ് ടീച്ചര്‍ കരുതുന്നത്?
ധാര്‍മികതയില്‍ നിന്ന് സമൂഹം അകന്നുപോകുന്നതിനെ സംബന്ധിച്ചാണ് നമ്മള്‍ ജാഗ്രത കാണിക്കേണ്ടത്. കുടുംബജീവിതം, വിവാഹബന്ധം തുടങ്ങിയവയിലെ ഛിദ്രതകള്‍ ഇന്ന് പതിവായിരിക്കുന്നു. ലോകം വികസിക്കുന്തോറും മനസ്സ് സങ്കുചിതമാകുന്ന ഒരു സാഹചര്യമാണ് ഉള്ളത്. കുടുംബകോടതികളില്‍ വരുന്ന പ്രശ്നങ്ങളില്‍ ഭൂരിപക്ഷവും യുവമിഥുനങ്ങളാണ്. മക്കളും മാതാപിതാക്കളും തമ്മില്‍ മാനസികമായ അകല്‍ച്ച ഇന്ന് വ്യാപകമാണ്. മാനുഷികമൂല്യങ്ങളുടെ ഈ വരള്‍ച്ചയാണ് നമ്മുടെ ശ്രദ്ധ പതിക്കേണ്ട പ്രധാന സ്ഥലം. പരസ്പര കൂടിയാലോചനകള്‍ നടത്തുന്ന കുടുംബാന്തരീക്ഷം തിരിച്ചു പിടിക്കാന്‍ നമുക്ക് ആവണം. ഇക്കാലത്ത് നമ്മുടെ ശ്രദ്ധപതിയേണ്ട മൌലിക വിഷയം തന്നെയാണ് ഇവ.
വളര്‍ന്നു വരുന്ന മുസ്ലിം പെണ്‍കൌമാരങ്ങളുടെ ഇസ്ലാമിക സംഘടനാ ജീവിതത്തോട് എന്താണ് പറയാനുള്ളത്? അവര്‍ ടീച്ചറുടെ പ്രവര്‍ത്തനകാലത്ത് നിന്നും വ്യത്യസ്ഥമായ ഒരു മേഖലയിലും സാഹചര്യത്തിലുമാണുള്ളത്. ആഭ്യന്തരമായ പ്രശ്നത്തേക്കാള്‍ ബാഹ്യമാണ് ഇന്നത്തെ വെല്ലുവിളി?
പെണ്‍കുട്ടികള്‍ ആരായാലും സ്വന്തം വ്യക്തിത്വം ഉയര്‍ത്തിപ്പിടിക്കാന്‍ ആവശ്യമായ സ്വാതന്ത്യ്രത്തിനു വേണ്ടി യത്നിക്കണം. സ്ത്രീത്വത്തിന്റെ വില എന്താണ് എന്ന് സ്വയം മനസ്സിലാക്കിയും കാണിച്ചുകൊടുത്തും ചൂഷണങ്ങളെ പ്രതിരോധിക്കാന്‍ സാധിക്കണം.
മുസ്ലിം പെണ്‍കുട്ടികള്‍ ഇപ്പോഴത്തെ മുന്‍വിധികള്‍ കാരണം അപകര്‍ഷതാബോധമുള്ളവരായി തീരാതിരിക്കാന്‍ ശ്രദ്ധിക്കണം. 'ഞാന്‍ തീര്‍ച്ചയായും മുസ്ലിംകളില്‍ പെടുന്നു' എന്ന ഖുര്‍ആന്‍ വചനത്തിന്റെ പ്രചോദനം മനസ്സിലുണ്ടായിരിക്കണം. പക്ഷേ അത്തരം മുന്‍വിധികളോട് തീവ്രവാദപരമായ നിലപാട് എടുക്കരുത്. ഇക്കാര്യത്തില്‍ ഇതര മതസ്ഥരാണ് യഥാര്‍ത്ഥത്തില്‍ സങ്കുചിതമനസ്കരാകുന്നത്. അത് പൊതു സമൂഹം തിരിച്ചറിയണം.